അംഗങ്ങളുടെ ഈമെയില്‍ വിലാസം ഹൈജാക്ക് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതായി ആരോപണം. യൂസര്‍മാര്‍ അറിയാതെ അവരുടെ പ്രൊഫൈലില്‍ @facebook.com ഈമെയില്‍ ഡിഫോള്‍ട്ടായി മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
രണ്ടുവര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് അതിന്റെ ഈമെയില്‍ സംവിധാനം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്ക് അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും @facebook.com എന്നൊരു ഈമെയില്‍ അഡ്രസ് ഉണ്ടാകും; അത് നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും.
ഇപ്പോള്‍, ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ പ്രൊഫൈലില്‍ ഓട്ടോമാറ്റിക്കായി ഫെയ്‌സ്ബുക്ക് ഈമെയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു-നിങ്ങളുടെ ഡിഫോള്‍ട്ട് ഈമെയില്‍ വിലാസം അതായിരിക്കുന്നു. യാതൊരു മുന്നറിയിപ്പും അംഗങ്ങള്‍ക്ക് നല്‍കാതെ ഫെയ്‌സ്ബുക്ക് ഇത്തരമൊരു നടപടി സ്വീകരിച്ചത് വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് വിവരങ്ങള്‍ക്ക് ഒരു ഏകീകൃതസ്വഭാവം വരുത്താനാണ് ഇത്തരമൊരു നടപടിയെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. എന്നാല്‍, എന്തുകൊണ്ട് മുന്നറിയിപ്പില്ലാതെ ഇങ്ങനെയൊരു നീക്കം നടത്തി എന്നതിന് വക്താവിന് കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ല.
കഴിഞ്ഞ ആഴ്ച്ചകളിലാണ് അംഗങ്ങളുടെ പ്രൊഫൈലിലെ ഡിഫോള്‍ട്ട് ഈമെയില്‍ ......@facebook.com ആക്കിയത്. മിക്ക യൂസര്‍മാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. ചില ടെക് ബ്ലോഗര്‍മാരും കോളമിസ്റ്റുകളുമാണ് ഫെയ്‌സ്ബുക്കിന്റെ ഈ മറിമായം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയായിരുന്നു.
'തങ്ങളുടെ ഈമെയില്‍ സംവിധാനം ഉപയോഗിക്കാന്‍ എല്ലാവരെയും ഫെയ്‌സ്ബുക്ക് ബലംപ്രയോഗിച്ച് പ്രേരിപ്പിക്കുകയാണ്'-ഫ്രീലാന്‍സ് ടെക് ജേര്‍ണലിസ്റ്റ് റോണ്‍ മില്ലര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
യൂസര്‍മാര്‍ക്ക് ക്രമീകരണങ്ങളില്‍ (സെറ്റിങുകളില്‍) മാറ്റം വരുത്തി ഇഷ്ടമുള്ള ഈമെയില്‍ വിലാസം തങ്ങളുടെ പ്രൊഫൈലില്‍ കാണിക്കാം. അങ്ങനെ മാറ്റം വരുത്താതിരുന്നാല്‍, ഡിഫോള്‍ട്ടായി കാണുന്നത് ഫെയ്‌സ്ബുക്കിന്റെ ഈമെയില്‍ വിലാസമായിരിക്കും.
മുഴുവന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും ഇതുവരെ ഈ മാറ്റം വന്നിട്ടില്ല. വൈകാതെ ഫെയ്‌സ്ബുക്കിലെ 900 ദശലക്ഷം അംഗങ്ങളുടെയും പ്രൊഫൈലില്‍ ഈ മാറ്റം ദൃശ്യമാകുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. തങ്ങള്‍ ഉപയോഗിക്കാത്ത ഫെയ്‌സ്ബുക്ക് ഈമെയില്‍ വിലാസത്തില്‍ ഒട്ടേറെ അംഗങ്ങള്‍ക്ക് മെയിലുകള്‍ എത്താന്‍ തുടങ്ങും എന്നാണ് ഇതിനര്‍ഥം.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഫെയ്ബുക്ക് ഈമെയില്‍ വിലാസം കാണണം എന്നാഗ്രഹിക്കാത്തവര്‍ക്ക്, അക്കാര്യം ക്രമീകരിക്കാന്‍ കഴിയും.'Contact Info' വിഭാഗത്തില്‍ പോയി എഡിറ്റിങ് നടത്തി ഇക്കാര്യം ശരിയാക്കാം.
ഫെയ്‌സ്ബുക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട ഈമെയില്‍ വിലാസങ്ങളില്‍ രണ്ട് ഓപ്ഷനുണ്ട് : 'shown on Timeline' അല്ലെങ്കില്‍ 'hidden from Timeline' എന്നിങ്ങനെ. ഡിഫോള്‍ട്ടായി @facebook.comവിലാസം 'shown on Timeline' എന്ന് ക്രമീകരിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍. മറ്റ് ഈമെയില്‍ വിലാസങ്ങള്‍ മറച്ചുവെച്ചിരിക്കുന്നു. അത് മാറ്റാന്‍ @facebook.com ഈമെയില്‍'hidden from Timeline' എന്നാക്കിയിട്ട്, മറ്റൊരു ഈമെയില്‍ 'shown on Timeline' എന്ന് ക്രമീകരിച്ചാല്‍ പ്രശ്‌നം തീരും.
No comments:
Post a Comment