കഴിഞ്ഞ മീറ്റുകളിലൊക്കെ മൂന്നാംദിനം മുതല്‍ വലിയ എതിര്‍പ്പുകളില്ലാതെ ജില്ല ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്ന എറണാകുളത്തിന് പാലക്കാട് കടുത്ത വെല്ലുവിളിയാണ്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എറണാകുളത്തിന് ഇതുവരെ വ്യക്‌തമായ ലീഡ് നേടാനായിട്ടില്ല. 55-ാം സംസ്‌ഥാന സ്‌കൂള്‍ കായിക കിരീടത്തിനായി എറണാകുളവും പാലക്കാടും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനാണ് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ട്രാക്കും ഫീല്‍ഡും സാക്ഷ്യം വഹിക്കുന്നത്. കേവലം 22 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് പാലക്കാടും എറണാകുളവും തമ്മിലുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തിന് 219 പോയിന്റുകളാണ് ഇതുവരെയുള്ളത്. പാലക്കാട് 197 പോയിന്റുകളുമായാണ് എറണാകുളത്തെ വെല്ലുവിളിക്കുന്നത്. മൂന്നാം സ്‌ഥാനത്തുനില്‍ക്കുന്ന മലപ്പുറത്തിന് 51 പോയിന്റു മാത്രമാണ് നേടാനായത്. കോഴിക്കോടിന്റെ സമ്പാദ്യം 44 പോയിന്റാണ്.
സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിനെ ബഹുദൂരം പിന്നിലാക്കിയാണ് മാര്‍ ബേസില്‍ അമരത്തായത്. 119 പോയിന്റ് ഇതുവരെ മാര്‍ ബേസില്‍ നേടി. ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ് 54 പോയിന്റുമായി പട്ടികയില്‍ നാലാമതാണ്. സംസ്‌ഥാന സ്‌കൂള്‍ കായികമേളയിലെ രണ്ടാം സ്‌ഥാനമെന്ന സ്വപ്‌നവുമായി ഇറങ്ങിയ പാലക്കാട് കല്ലടി സ്‌കൂള്‍ ലക്ഷ്യത്തിലേക്കുള്ള പോക്കിലാണ്. ഇതുവരെ 62 പോയിന്റുകള്‍ സ്വന്തം പേരില്‍ കുറിച്ച കല്ലടി മുന്നാം സ്‌ഥാനത്തു തന്നെയുണ്ട്. 63 പോയിന്റുള്ള പറളിയാണ് രണ്ടാമത്. പറളിയുടെ മത്സരങ്ങള്‍ ഏറെക്കുറെ അസാനിച്ച സാഹചര്യത്തില്‍ ആവസാന ദിനമായ ഇന്ന് മുന്നേറാമെന്ന പ്രതീക്ഷയിലാണ് കല്ലടിക്കാര്‍. കിരീട പ്രതീക്ഷ നഷ്‌ടമായി നിലനില്‍പ്പിനുള്ള പോരാട്ടം നടത്തുന്ന സെന്റ് ജോര്‍ജിനോടാണ് കല്ലടിയുടെ മത്സരം. പക്ഷേ പോള്‍വാള്‍ട്ടിലുള്‍പ്പെടെ ചില ഇനങ്ങളില്‍ അവസാന ദിനത്തില്‍ കല്ലടിക്ക് ഉറച്ച പ്രതീക്ഷയാണുള്ളത്. മുണ്ടൂര്‍ സ്‌കൂള്‍ അഞ്ചാമതാണ്. ആദ്യ രണ്ടു ദിനവും പോയിന്റു നിലയില്‍ പിന്നാക്കമായിരുന്ന സെന്റ് ജോര്‍ജ് ഇന്നലെ കുറച്ചെങ്കിലും പോയിന്റുകള്‍ നേടിയതാണ് പട്ടികയില്‍ താഴെ വിഴാതിരിക്കാന്‍ എറണാകുളത്തെ സഹായിച്ചത്.
ഇന്നലെ രണ്ടു പേര്‍ മീറ്റ് റെക്കോഡ് കുറിച്ചു. ആദ്യ ദിനം രണ്ടും രണ്ടാം ദിനം അഞ്ചും റെക്കോഡുകള്‍ കണ്ട മീറ്റില്‍ ആകെ റെക്കോഡുകളുടെ എണ്ണം ഒന്‍പതായി. 1500 മീറ്ററിലും 3000 മീറ്ററിലും നാട്ടുകാരിയായ പി.യു. ചിത്രക്കു പിന്നിലായിപ്പോയ പറളി സ്‌കൂളിന്റെ എം.ഡി. താര സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ സ്വന്തം മീറ്റ് റെക്കോഡ് മറികടന്നു. 17:28.99 സെക്കന്റില്‍ മത്സരം തീര്‍ത്ത താര 17:39.31 എന്ന സ്വന്തം റെക്കോഡാണ് മായ്‌ച്ചത്. പോള്‍ ഒടിഞ്ഞു മത്സരത്തില്‍ നിന്നും വിഷ്‌ണു ഉണ്ണി പിന്‍മാറിയ സീനിയര്‍ വിഭാഗം പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ എബിന്‍ സണ്ണി മീറ്റ് റെക്കോഡ് സ്‌ഥാപിച്ചു. 2007ല്‍ ആന്റണി ജോസ് സ്‌ഥാപിച്ച 4.15 മീറ്റര്‍ ഉയരം എബിന്‍ സണ്ണി 4.30 ആക്കി ഉയര്‍ത്തി. 4.20 മീറ്റര്‍ ഉയരം മറികടന്ന കോതമംഗലം സെന്റ് ജോര്‍ജിലെ വിഷ്‌ണു ഉണ്ണി മീറ്റ് റെക്കോഡ് മറികടന്നെങ്കിലും പോള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും പിന്‍മാറി.
മീറ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ആറു പേര്‍ ഇരട്ട സ്വര്‍ണത്തിന് അവകാശികളായി. സീനിയര്‍ വിഭാഗത്തില്‍ ലിജോ മാണി കഴിഞ്ഞ ദിവസം നേടിയ 1500 മീറ്ററിലെ സ്വര്‍ണത്തിനു പിറകേ 800 മീറ്ററിലും സ്വര്‍ണം നേടിയാണ് ഡബിള്‍ തികച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ ഭാവി പ്രതീക്ഷയായി കണക്കാക്കപ്പെടുന്ന ഉഷാ സ്‌കൂളിലെ ജെസി ജോസഫ് ഇന്നലെ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ജെസി 800 മീറ്ററിലും നേട്ടം ആവര്‍ത്തിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാടിന്റെ നിഖില്‍ നിധിന്‍, മലപ്പുറത്തിന്റെ സുഹൈല്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാടിന്റെ ഷംനാസ്, കണ്ണൂരിന്റെ അരുണ്‍ രാധാകൃഷ്‌ണന്‍ എന്നിവരും ഇരട്ട നേട്ടത്തിന് അവകാശികളായി.
സബ് ജൂനിയര്‍ വിഭാഗം ലോംഗ്‌ജമ്പില്‍ കാസര്‍ഗോഡിന്റെ രസ്‌ന 4.91 ചാടി സ്വര്‍ണം നേടി. 80 മീറ്റര്‍ ഹര്‍ഡിലില്‍ കെല്ലത്തിന്റെ സയന പി.ഒ. 13.19 സെക്കന്റില്‍ ഫിനിഷ് ചെയ്‌ത് സ്വര്‍ണം നേടി. ഷോട്ട് പുട്ടില്‍ എറണാകുളത്തിന്റെ അമല്‍ പി. രാഘവ് 11.69 എറിഞ്ഞു. 600 മീറ്ററില്‍ കണ്ണൂരിന്റെ അരുണ്‍ രാധാകൃഷ്‌ണന്‍ 1:30.29 എന്ന സമയത്തില്‍ മത്സരം തീര്‍ത്ത് സ്വര്‍ണമണിഞ്ഞു ഒന്നാമതായി. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സഫീര്‍ ടി. 14.23 മീറ്റര്‍ കണ്ടെത്തി ഒന്നാമതായി. 100 മീറ്റര്‍ ഹര്‍ഡിലില്‍ എറണാകുളത്തിന്റെ മരിയ ജൂലിയറ്റ് 15.05 സെക്കന്റില്‍ സ്വര്‍ണം നേടി.
No comments:
Post a Comment