പുത്തന്‍കുരിശ്: പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക് വിശ്വാസത്തിനനുസരിച്ച് ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് യാക്കോബായ സഭ.
പരിശുദ്ധ ചാത്തുരുത്തില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ കബറിടം സ്‌ഥിതിചെയ്യുന്ന പരുമല പള്ളിയുടെ മേല്‍ യാക്കോബായ സഭയ്‌ക്കുള്ള അവകാശത്തെ നിഷേധിക്കാന്‍ കഴിയുകയില്ലെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ ട്രസ്‌റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സംയുക്‌ത പത്രക്കുറിപ്പില്‍ അറിയിച്ചു.
പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയാണ്. മണ്‍മറഞ്ഞുപോയ പൂര്‍വികരെ അടക്കം ചെയ്‌ത സെമിത്തേരിയില്‍പ്പോലും യാക്കോബായ സഭയുടെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു.
യാക്കോബായ സഭാ വിശ്വാസികളും കൂടിച്ചേര്‍ന്ന് പടുത്തുയര്‍ത്തിയ പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക് കുര്‍ബാന അര്‍പ്പിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ആലുവ തൃക്കുന്നത്ത് സെമിനാരിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും രേഖകള്‍ യാക്കോബായ സഭാ അധികാരികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. അനധികൃതമായി അവിടെ താമസിക്കുന്നവര്‍ ഒഴിവാകണം.
തര്‍ക്കമുള്ള ദൈവാലയങ്ങളില്‍ റഫറണ്ടം നടത്തി ജനഹിതത്തെ മാനിക്കാന്‍ മറുവിഭാഗം തയാറാകണം. ജനഹിതത്തെ ഭയപ്പെടുന്നതുകൊണ്ടാണു നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനു മറുവിഭാഗം തയാറാകാത്തതെന്നും യാക്കോബായ സഭാ നേതൃത്വം കുറ്റപ്പെടുത്തി.
പുത്തന്‍കുരിശ് പള്ളിയുടെ വിധി യാക്കോബായ സഭയ്‌ക്ക് പൂര്‍ണമായും അനുകൂലമായിട്ടുപോലും ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് യാക്കോബായ സഭ തയാറാണെന്ന് കലക്‌ടറുടെ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ വ്യക്‌തമാക്കിയതാണ്. എന്നാല്‍ മറുവിഭാഗം ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോവുകയാണ് ഉണ്ടായതെന്ന് സഭാ നേതൃത്വം ആരോപിച്ചു.
മാമലശേരിയില്‍ സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സഭാ വിശ്വാസികളെ ആക്രമിക്കാന്‍ മറുവിഭാഗം നടത്തിയ നീക്കങ്ങള്‍ അപലപനീയമാണെന്നും യാക്കോബായ സഭയ്‌ക്ക് അവകാശപ്പെട്ട ദൈവാലയങ്ങളും സ്വത്തുക്കളും തിരികെ ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.
No comments:
Post a Comment