കട്ടപ്പന: യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ താല്‍ക്കാലിക ചുമതല മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയായ അഭി.മാത്യൂസ് മോര്‍ അന്തിമോസിനു നല്‍കി. ആരോപണ വിധേയനായ കുര്യാക്കോസ് മോര്‍ ക്ലീമിസിനെ ഇടുക്കി ഭദ്രാസനാധിപ സ്‌ഥാനത്തുനിന്നു കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇന്നലെ കട്ടപ്പനയില്‍ നടന്ന ഇടുക്കി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗത്തിലാണു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മാത്യൂസ് മോര്‍ അന്തിമോസിനു താല്‍ക്കാലിക ചുമതല നല്‍കിയത്.
17 പള്ളികളില്‍ നിന്നുള്ള ട്രസ്‌റ്റിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കത്തിപ്പാറ, നാരകക്കാനം, ഇടുക്കി പള്ളികളില്‍ നിന്നുള്ള ട്രസ്‌റ്റിമാര്‍ എഴുതി തയാറാക്കിയ സഭയും മുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ ശ്രേഷ്‌ഠ ബാവയ്‌ക്കു കൈമാറി. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നു വിശ്വാസികള്‍ക്കിടയിലുണ്ടായ പ്രതിസന്ധികള്‍ക്കു പരിഹാരമായതായും മെത്രാപ്പോലീത്തയോടൊപ്പം നിന്ന ചിലരാണ് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതെന്നും ഭദ്രാസന സെക്രട്ടറി പറഞ്ഞു.
മോര്‍ ക്ലീമിസ് വരുത്തിവച്ച ബാധ്യത അദ്ദേഹവുമായി സംസാരിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കുമെന്നും ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ പറഞ്ഞു. ചുമതലകളില്‍ നിന്നു നീക്കിയ മോര്‍ ക്ലീമിസ് ഇപ്പോള്‍ കോട്ടയം തൂത്തൂട്ടി മാര്‍ ഗ്രിഗോറിയോസ് ധ്യാന കേന്ദ്രത്തിലാണ്.
No comments:
Post a Comment