കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ആബൂന്‍ മോര്‍ ബാസേലിയോസ് യല്‍ദോ മഫ്രിയാനോയെക്കുറിച്ച് .. :-
ഇറാഖിലെ മൂസലിനു സമീപമുള്ള കൂദെദ് എന്ന ചെറിയ ഗ്രാമത്തില്‍ മഫ്രിയാനോ മോര്‍ യല്‍ദോ ജനിച്ചു.വളരെ ചെറുപ്രായത്തില്‍ തന്നെ മോര്‍ ബഹനാന്‍ ദയറായില്‍ ചേര്‍ന്ന് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം 1678 ല്‍ അന്നത്തെ അന്ത്യോക്യ പാത്രിയാര്‍ക്കീസ് ആയിരുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദുല്‍ മിശിഹ പ്രഥമന്‍ ബാവായാല്‍ കാതോലിക്ക (മഫ്രിയാനോ) ആയി സ്ഥാനാരോഹിതനായി.
മലങ്കര (ഭാരതം) യിലെ മാര്‍ തോമ രണ്ടാമന്‍റെ അപേക്ഷ പ്രകാരം അന്നത്തെ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തിരുമനസ്സ് വിശുദ്ധനെ തന്‍റെ 92 - മത്തെ വയസ്സില്‍ 1685 ല്‍ ഭാരതത്തിലേക്ക് അയച്ചു.മലങ്കര മക്കള്‍ക്ക് വേണ്ടിയുള്ള വിശുദ്ധന്‍റെ സഹനം അവിടെ തുടങ്ങുകയായി.
ഭാരത യാത്രയില്‍ രണ്ടു ദയറാ പട്ടക്കാരും ഒരു എപ്പിസ്കോപ്പയും വിശുദ്ധനെ അനുഗമിച്ചു.എന്നാല്‍ അവരില്‍ മൂന്നു പേര്‍ മാത്രമേ ഭാരതത്തില്‍ എത്തിയതായി ചരിത്രം പറയുന്നുള്ളൂ.മലങ്കരയില്‍ കോതമംഗലത്ത് എത്തിയ വിശുധനെയും പട്ടക്കാരെയും ആടുമേയിച്ചുകൊണ്ടിരുന്ന ചക്കാലക്കല്‍ തറവാട്ടിലെ ഒരു ഹിന്ദു നായര്‍ യുവാവ് ദേവാലയത്തിലേക്ക് വഴികാട്ടി.യാത്രാ മദ്ധ്യേ വിശുദ്ധന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ചരിതം സാക്ഷ്യപ്പെടുത്തുന്നു.കോതമംഗലത്ത് മാര്‍ത്തോമ ചെറിയ പള്ളിയില്‍ എത്തി ഏതാനും ദിവസങ്ങള്‍ മാത്രം ജീവിച്ചിരുന്ന ബാവ 1685 മലയാള മാസം കന്നി 19 നു കാലം ചെയ്തു.പിറ്റേ ദിവസം തന്നെ പള്ളിയില്‍ കബറടക്കപ്പെടുകയും ചെയ്തു.
മലങ്കരയില്‍ എത്തി ഏതാനും ദിവസങ്ങള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും ദൈവത്തിന്‍റെ അളവറ്റ കരുണയാല്‍ വിശുദ്ധന്‍റെ നാമം എങ്ങും പരന്നു. പരിശുദ്ധനായ കോതമംഗലം ബാവായുടെ മധ്യസ്ഥത ആയിരങ്ങള്‍ക്ക് ആലംബമായി.മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആ പോന്നു നാമം എഴുതപ്പെട്ടു. "എന്‍റെ ബാവായെ" എന്ന് ഈറനണിഞ്ഞ കണ്ണുകളോടെയും,വിറയാര്‍ന്ന ചുണ്ടുകളോടെയും വിളിച്ചുകൊണ്ട് കോതമംഗലം പള്ളിയുടെ നടകള്‍ കയറുന്ന ലക്ഷങ്ങള്‍ക്ക് വേണ്ടി വിശുദ്ധന്‍ ഇന്നും ദൈവ സന്നിധിയില്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നു.ലക്ഷക്കണക്കിന് ആളുകള്‍ ബാവയുടെ നാമത്തില്‍ വിളിക്കപ്പെടുന്നു.എല്‍ദോസ്/ബേസില്‍ എന്നീ അനുഗ്രഹീത നാമധേയങ്ങള്‍.
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ തന്‍റെ 20 .10 .1987 ലെ E /265 /87 കല്പന പ്രകാരം യല്‍ദോ മോര്‍ ബാസേലിയോസ് മഫ്രിയാനോയെ പരിശുദ്ധന്‍ ആയി പ്രഖ്യാപിച്ചു.
സഭയും മക്കളും ഒരുപാട് സ്നേഹത്തോടെ വിശുദ്ധനെ വീണ്ടും ഓര്‍ക്കുന്നു.2012 ഒക്ടോബര്‍ 2 ,3 ( മലയാള മാസം കന്നി 19 ,20 ) തിയതികളില്‍ കോതമംഗലം മാര്‍തോമ്മ ചെറിയ പള്ളിയില്‍ വിശുദ്ധന്‍റെ 327 മത് ഓര്‍മ്മ കൊണ്ടാടുന്നു.ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന് വിശ്വാസികള്‍ വരും ദിവസങ്ങളില്‍ കാല്‍നടയായും അല്ലാതെയും കോതമംഗലത്തെക്ക് ഒഴുകിയെത്തും .തീര്‍ഥാടകരെ സ്വീകരിക്കാന്കോതമംഗലം ഒരുങ്ങി കഴിഞ്ഞു.
ഏവര്‍ക്കും സ്വാഗതം ...
No comments:
Post a Comment