കോലഞ്ചേരി: സംസ്‌ഥാനത്തു നിലവില്‍ ഭരണമില്ലാത്ത അവസ്‌ഥയാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചാപ്പലില്‍ നടന്ന പത്രസമ്മേളനത്തിലാണു ബാവ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിച്ചിട്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മന്ത്രിമാരുടെ പേരില്‍ നീതിനിര്‍വഹണം വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ സ്വാധീനത്താല്‍ യാക്കോബായ വിശ്വാസികള്‍ക്കു പീഡനമേല്‍ക്കുന്നു. സംസ്‌ഥാനത്തു ഭരണനിര്‍വഹണം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിശ്വാസികളെ മര്‍ദിക്കുന്ന അവസ്‌ഥയുണ്ടാകില്ലായിരുന്നു. മന്ത്രിസഭാ ഉപസമിതിയില്‍ യാക്കോബായ സഭ തൃപ്‌തരല്ലെന്നും സഭാംഗങ്ങളായ ജനപ്രതിനിധികളുടെ ഇടപെടല്‍ ഗുണം ചെയ്‌തില്ലെന്നും ബാവ പറഞ്ഞു.
സത്യവും നീതിയും നടപ്പാക്കാന്‍ നാലു മധ്യസ്‌ഥരെ നിയമിക്കണമെന്നും മാമലശ്ശേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി എത്തിയതാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതെന്നും വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് പറഞ്ഞു. അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ച് സഭാസ്വത്തുക്കള്‍ കൈയേറിയും വിശ്വാസികളെ കള്ളക്കേസുകളില്‍പ്പെടുത്തിയും ഓര്‍ത്തഡോക്‌സ് വിഭാഗം ആസൂത്രിതനീക്കങ്ങള്‍ നടത്തുകയാണ്. വിശ്വാസികളെ മര്‍ദിക്കുകയും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുകയും ചെയ്യുന്ന പോലീസ് നീക്കത്തില്‍ സര്‍ക്കാരിന്റെ നിസംഗത സഭ ഗൗരവത്തോടെയാണു കാണുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാമലശ്ശേരി ഇടവകയില്‍ ഇരുസഭകള്‍ക്കുമായി നല്‍കിയിരുന്ന തല്‍സ്‌ഥിതി പുനഃസ്‌ഥാപിച്ച്, ജനഹിതമനുസരിച്ചു തീരുമാനമുണ്ടാകണമെന്ന് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കൂറുമാറിയ വൈദികരെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന് അധികാരികള്‍ പിന്മാറണം. സഭയുടെ അവകാശം മാമലശ്ശേരി ഇടവകയില്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ്, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ് പുല്യാട്ടേല്‍, സ്ലീബ ഐക്കരക്കുന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment