മണര്‍കാട്: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിലെ ഏറ്റവും വലിയ ചടങ്ങായ 'റാസ' വ്യാഴാഴ്ച നടക്കും. ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍-വെള്ളിക്കുരിശുകളും ചെണ്ടവാദ്യ മേളങ്ങളും 'റാസ'യില്‍ അണിനിരക്കും.
കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേല്‍ക്കും.
കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെത്തുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങും. അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിക്കും. മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേരുക.
എട്ടുനോമ്പാചരണത്തിലെ ഏറ്റവും പ്രധാന ചടങ്ങായ 'നട'തുറക്കല്‍ വെള്ളിയാഴ്ച നടക്കും. വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്‍ക്കുന്ന തിരുസ്വരൂപം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതാണ് ഈ ചടങ്ങ്. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് 11.30 ന് നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും.
ബുധനാഴ്ച രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍കുര്‍ബാനയില്‍ സിംഹാസനപള്ളികളുടെ സഹായ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ദിയസ്‌കോറസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജിബി മാത്യു പ്രസംഗിച്ചു. മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു.
No comments:
Post a Comment