കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനുള്ളക്രമീകരണങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ അവലോകനം ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പെരുന്നാളിനുള്ള എല്ലാ ക്രമീകരണങ്ങളും 30 നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
പള്ളിയും പരിസരവും ഉത്സവ മേഖലയായി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടറുടെയും സ്കൂളുകള്‍ക്കു അവധി നല്‍കുന്നതു സംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. മറ്റൊരു ദിവസം അധ്യയന ദിവസമാക്കി പെരുന്നാള്‍ദിനത്തില്‍ വിദ്യാലയങ്ങള്‍ക്കു അവധി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര, വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റവ. ആന്‍ഡ്രൂസ് ചിരവത്തറ, ഗീവര്‍ഗീസ് കുറിയാക്കോസ് ആനിവേലില്‍, സെക്രട്ടറി വര്‍ഗീസ് കെ.ഐ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീര്‍ഥാടകര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍
കോട്ടയം: ക്രമസമാധാനപാലത്തിനായി മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിനു സമീപം പ്രത്യേകം പോലീസ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
വേണ്ടി വന്നാല്‍ മറ്റു ജില്ലകളില്‍നിന്നു പോലീസിനെ കൊണ്ടുവരാന്‍ മന്ത്രി അനുവാദം നല്‍കി. സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സൌകര്യാര്‍ഥം കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. പ്രത്യേക സര്‍വീസുകള്‍ കൂടാതെ മഞ്ഞനിരക്കരയില്‍നിന്നും കോതമംഗലത്തുനിന്നും സര്‍വീസ് വേണമെന്ന് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആറു റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കും. ആംബുലന്‍സ് സൌകര്യം, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരും സേവനം ഉറപ്പാക്കും. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണമുണ്ടാകും.
No comments:
Post a Comment