പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ യാക്കോബായ സഭയെ വഞ്ചിക്കുകയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി സഭാ വിശ്വാസികള്‍ പള്ളിനടയില്‍ നടത്തുന്ന അഖണ്ഡ പ്രാര്‍ഥനാ യജ്ഞത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ തിങ്കളാഴ്ച നടന്ന സഭാ സുന്നഹദോസ് നിര്‍ത്തിവച്ച് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും മാമ്മലശ്ശേരിയിലെത്തി. സഭയിലെ 26 മെത്രാപ്പോലീത്തമാരും പ്രര്‍ഥനാ യജ്ഞത്തിനെത്തിയിരുന്നു.
സ്ഥാപന ഉദ്ദേശ്യവും 1928ല്‍ ഇടവക യോഗം ഉണ്ടാക്കിയ ഉടമ്പടി പ്രകാരവും മാമ്മലശ്ശേരി പള്ളി യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും പഴന്തോട്ടം പള്ളി കാര്യത്തിലും പത്തനംതിട്ട മാന്തളിര്‍ പള്ളി കാര്യത്തിലും സര്‍ക്കാര്‍ സഭയെ വഞ്ചിക്കുകയാണ് ചെയ്തത്. ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി.
മാമ്മലശ്ശേരിയിലാണെങ്കില്‍ യാക്കോബായ വിഭാഗത്തെ പുറത്തുനിര്‍ത്തിക്കൊണ്ട് മറുഭാഗം നടത്തുന്ന നീക്കങ്ങളെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനിയും അതംഗീകരിക്കാനാവില്ല. യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം ലഭിച്ചിട്ടുമതി ഇനി പള്ളിയില്‍ ആരാധന തുടങ്ങാനെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ടി.യു. കുരുവിള എം.എല്‍.എ, സഭാ സെക്രട്ടറി തംബു ജോര്‍ജ് തുകലന്‍, വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ട് എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment