സണ്‍ഡേ സ്കൂള്‍ കലോത്സവത്തില്‍ പെരുമ്പാവൂര്‍ മേഖല ചാമ്പ്യന്മാര്
കോലഞ്ചേരി: എംജെഎസ്എസ്എയുടെ അഖില മലങ്കര സണ്‍ഡേ സ്കൂള്‍ കലോത്സവത്തില്‍ അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മേഖല 143 പോയിന്റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 140 പോയിന്റുകള്‍ നേടിയ അങ്കമാലി രണ്ടാം സ്ഥാനവും, 134 പോയിന്റുകളോടെ കൊച്ചി മൂന്നാം സ്ഥാനത്തുമെത്തി. പുത്തന്‍കുരിശിലെ കേന്ദ്ര ഓഫീസ് ഹാളില്‍ നടന്ന മത്സരങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ പെരുമ്പാവൂരും ജൂനിയര്‍ വിഭാഗത്തില്‍ കൊച്ചിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ അങ്കമാലി മേഖലയും ജേതാക്കളായി. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സണ്‍ഡേ സ്കൂള്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സ്കൂളിനുള്ള ട്രോഫി നേടി. വേങ്ങൂര്‍ മാര്‍ കൗമ സണ്‍ഡേ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. ജില്ലാതലത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാ. സി.കെ. സാജുവിന്റെ അധ്യക്ഷതയില്‍ ബേബി മത്താറ, പി.വി. ഏലിയാസ്, കെ.എം. തമ്പി, ജോസ് ഡി. കൈപ്പിള്ളില്‍, എം.ജെ. മര്‍ക്കോസ്, ബേബി വര്‍ഗീസ്, പി.ഐ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment